ബെയ്റൂട്ട്: ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രേലി വ്യോമാക്രമണം. അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഏപ്രിൽ 16ന് ലബനനും ഇസ്രയേലിനും ഇടയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചശേഷം ഇതാദ്യമായാണ് ബെയ്റൂട്ട് ആക്രമിക്കപ്പെടുന്നത്. ഹിസ്ബുള്ള ഭീകരരുടെ ഉന്നതല കമാൻഡർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രയേൽ അവകാശപ്പെട്ടു.
ബെയ്റൂട്ടിലെ ഹിസ്ബുള്ള ശക്തികേന്ദ്രമായ ദാഹിയേയിൽ ആയിരുന്നു ആക്രമണം. ഹിസ്ബുള്ളയുടെ റഡ്വാൻ സേനാംഗങ്ങൾ യോഗം ചേർന്ന സ്ഥലമാണ് ആക്രമിക്കപ്പെട്ടതെന്ന് ലബനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
താൻ നേരിട്ടാണ് ആക്രമണത്തിന് ഉത്തരവിട്ടതെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു അറിയിച്ചു.
വെടിനിർത്തൽ കാലയളവിൽ ഇസ്രേലി സേന തെക്കൻ ലബനനിൽ ആക്രമണങ്ങൾ നടത്തിയിരുന്നു. ഹിസ്ബുള്ളകൾ ഇസ്രയേലിലേക്ക് റോക്കറ്റാക്രമണവും തുടർന്നു. എന്നാൽ ഇസ്രേലികൾ ബെയ്റൂട്ടിനെ ഇതുവരെ ലക്ഷ്യമിട്ടിരുന്നില്ല.
അമേരിക്കയും ഇറാനും വെടിനിർത്തൽ കരാറിൽ ഒപ്പിടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇസ്രേലി ആക്രമണമെന്നതും ശ്രദ്ധേയം.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ഇസ്രേലി ആക്രമണത്തിൽ 120 പേർ കൊല്ലപ്പെട്ടുവെന്നാണ് ലബനീസ് സർക്കാർ അറിയിച്ചത്.
ഖലിൽ അൽ ഹയ്യയുടെ മകൻ കൊല്ലപ്പെട്ടു
കയ്റോ: ഹമാസിന്റെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളായ ഖലീൽ അൽ ഹയ്യയുടെ മകൻ അസം അൽ ഹയ്യ ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇന്നലെ ഗാസ സിറ്റിയിലുണ്ടായ ആക്രമണത്തിലാണു മരണമെന്ന് ഹമാസ് വൃത്തങ്ങൾ അറിയിച്ചു.
ഗാസയുടെ ഭാവി സംബന്ധിച്ച് അമേരിക്കയുമായി ചർച്ച നടത്തുന്ന ഹമാസ് സംഘത്തിനു നേത്വം നല്കുന്നത് ഖലീൽ ഹയ്യയാണ്.ഇയാളുടെ മറ്റ് മൂന്നു മക്കൾ നേരത്തേ ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ഖലീലിനെ ലക്ഷ്യമിട്ടാണ് ഇസ്രേലി സേന കഴിഞ്ഞവർഷം ഖത്തറിൽ ആക്രമണം നടത്തിയത്. ഖലീൽ രക്ഷപ്പെട്ടെങ്കിലും ഒരു മകൻ കൊല്ലപ്പെട്ടു.